തുറന്നു പറയണം; 'നിങ്ങളെ എനിക്കിഷ്ടമാണ്!'

 സ്വിദ്ദീഖ്  നദ് വി ചേരൂർ 


നിർവചിക്കും തോറും കൂടുതൽ സങ്കീർണമാകുന്ന ഒരു സംജ്ഞയാണ് സ്നേഹം. സ്വീകരിക്കാൻ ഇമ്പവും നൽകാൻ വെമ്പലുമുണ്ടാകുന്ന വികാരം. മനുഷ്യ മനസ്സിലെ സ്വാർത്ഥതയുടെ ബഹിർസ്ഫുരണമായി ഏറ്റവും വ്യക്തമായി തെളിഞ്ഞു കത്തുന്ന ഒരു ഗുണം കൂടിയാണ് സ്നേഹം.

  ഓരോരുത്തരും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവന(ള)വനെ(ളെ) തന്നെയാണ്. മറ്റുള്ളവരെ നാം സ്നേഹിക്കുന്നത് പലപ്പോഴും അവർ നമ്മെ എത്ര സ്നേഹിക്കുന്നുവെന്ന് നോക്കിയാണ്. ഇങ്ങോട്ട് കിട്ടുന്നതിൻ്റെ അളവും മൂല്യവും നോക്കിയാണ് പൊതുവേ അങ്ങോട്ട് നൽകാറുള്ളതും. മാതാപിതാക്കളെ നാം സ്നേഹിക്കുമ്പോൾ അതിന് പ്രേരകമായി വർത്തിക്കുന്നത് അവർ 'നമുക്ക് വേണ്ടി ' കുട്ടിക്കാലത്ത് ചെയ്ത സേവനങ്ങളും 'നമ്മോട് ' പുലർത്തുന്ന സ്നേഹവുമാണ്. പ്രവാചകരോട് നാം പുലർത്തുന്ന സ്നേഹം പോലും 'നമ്മുടെ ' രക്ഷയ്ക്കും ഇഹ-പര സൗഭാഗ്യങ്ങൾക്കും തിരുനബി(സ) ഹേതുവായതിൻ്റെ കടപ്പാടാണ്. മറ്റൊരാളെ നാം സ്നേഹിക്കുമ്പോഴും അവർ നമുക്ക് നൽകുന്ന സ്നേഹവും കരുതലും പ്രധാന നിമിത്തമായി വരുന്നു. 

        എന്നാൽ അതിനപ്പുറമുള്ള ഒരു ചോദന കൂടി സ്നേഹത്തിന് ഉള്ളതായി ഒരു നബിവചനം സൂചിപ്പിക്കുന്നു. ആയിശ(റ) നിവേദനം ചെയ്തു ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. 'ആത്മാക്കൾ പരസ്പരം പാകപ്പെടുത്തിയെടുത്ത സൈനികരാണ്. അവരിൽ മുമ്പേ പരിചിതമായത് ഇണങ്ങുന്നു. അന്യോന്യം അപരിചിതമായത് പിണങ്ങുന്നു.' മനുഷ്യർ ദേഹ രൂപത്തിൽ ലോകത്ത് വരുന്നതിന് മുമ്പേ അല്ലാഹു ദേഹികളെ സൃഷ്ടിച്ചിരുന്നു. ആ ദേഹികളുടെ ലോകത്ത് അന്യോന്യം ഇണങ്ങിയ ദേഹികളുടെ ദേഹങ്ങളാണ് പരസ്പരം പ്രത്യേക ആകർഷണം തോന്നുന്നതും പാലും പഞ്ചസാരയും പോലെ ലയിച്ചുചേരുന്നതും. അല്ലാത്തവ എത്ര ഇണങ്ങി ഒന്നാകാൻ ശ്രമിച്ചാലും മോരും മുതിരയും പോലെ അവർ വേറിട്ട് നിൽക്കും. 

    രണ്ട് പേർ തമ്മിൽ ആകർഷിക്കാൻ കാരണങ്ങൾ പലതാകാം. അവയിൽ പ്രത്യക്ഷത്തിൽ നമുക്ക് വിശദീകരിക്കാൻ കഴിയാത്തത് നേരത്തേ സൂചിപ്പിച്ച ദേഹികളുടെ ലോകത്തെ ചേർച്ചയുടെ ഫലമാകാമെന്ന് ചുരുക്കം. അതിലപ്പുറമായി ഭൗതിക താൽപ്പര്യങ്ങളാണ് സ്നേഹത്തിന് പിന്നിലെ ചോദനയെങ്കിൽ ആ ഗുണം അപരനിൽ നിന്ന് അപ്രത്യക്ഷമാകുന്നതോടെ, അല്ലെങ്കിൽ പ്രസ്തുത ഗുണത്തോടുള്ള നമ്മുടെ പ്രതിപത്തിയോ ആശ്രയമോ കുറയുന്നതോടെ ആ സ്നേഹ വികാരം പിറകോട്ടടിക്കുകയോ ശുഷ്കിക്കുകയോ ചെയ്യുന്നതായി കാണാം. അത് പിന്നീട് വെറുപ്പിലേക്കും കലഹലത്തിലേക്കും നയിക്കും.

    ഇവിടെയാണ് സ്രഷ്ടാവായ അല്ലാഹുവിൻ്റെ പേരിലുള്ള സ്നേഹത്തിൻ്റെ പ്രസക്തി. "ജനങ്ങളിൽ ചിലർ അല്ലാഹുവിന് പങ്കുകാരെ ചേർക്കയും അവയെ അവർ അല്ലാഹു വിനെയെന്ന പോലെ സ്നേഹിക്കയും ചെയ്യുന്നു. എന്നാൽ വിശ്വാസികൾക്ക് അല്ലാഹുവിനോട് ഏറ്റവും കരുത്തുറ്റ സ്നേഹമാണുള്ളത്. " (അൽബഖറ: 165) അവനോടുള്ള സ്നേഹത്തിൻ്റെ താൽപ്പര്യമാണ് അല്ലാഹുവിന് വേണ്ടി സ്നേഹിക്കുക, അല്ലാഹുവിന് വേണ്ടി കോപിക്കുക. ഇതിൻ്റെ പിന്നാലെ വികാരത്തിൻ്റെ സ്ഥായീഭാവം കാരണം ഇതിന് ശാശ്വത സ്ഥിരത ലഭിക്കും. അവസാന ശ്വാസം വരെ ദൈവിക പ്രീതിയുടെ തണലിൽ കഴിയണമെന്നാണല്ലോ വിശ്വാസി ആശിക്കുക. അവൻ്റെ സ്നേഹത്തിന് മുന്നിൽ എല്ലാം ത്യജിക്കാൻ പാകമായ മനസ്. ഒരാളെ ഇഷ്ടപ്പെട്ടാൽ അയാൾ ഇഷ്ടപ്പെടുന്നതിനോടും അയാൾ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടം തോന്നുക സ്വാഭാവികമാണ്. അതാണ് സജ്ജന സ്നേഹമായി പുറത്ത് വരിക. 

            അത്തരമൊരു സ്നേഹത്തെ പ്രോൽസാഹിപ്പിക്കുന്ന ധാരാളം നബി വചനങ്ങൾ കാണാം. അല്ലാഹുവിനെ സ്നേഹിക്കുന്നവർ തിരുദൂതരെ (സ) അനുധാവനം ചെയ്യണമെനാണ് ഖുർആനിലൂടെ അല്ലാഹു ആവശ്യപ്പെട്ടത്. സ്നേഹത്തിൻ്റെ പ്രതിഫലനമാണ് അനുസരണം. പ്രവാചകനെ അനുസരിക്കുന്നതിലൂടെ ദൈവിക സ്നേഹം പാരമ്യത്തിലെത്തുന്നു. അത് അല്ലാഹുവിനെ സ്നേഹിക്കുന്നവരെ സ്നേഹിക്കാനും അവരോട് അടുപ്പം കാണിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. ഇങ്ങനെയുള്ളവർക്കാണ് വിശ്വാസത്തിൻ്റെ മധുരം ശരിക്കും നുകരാൻ സാധിക്കുക. മൂന്ന് പേർക്കാണ് ഇങ്ങനെ മധു നുകരാൻ കഴിയുകയെന്ന് തിരുനബി(സ) പറഞ്ഞവരിൽ ഒരു കൂട്ടർ അല്ലാഹുവിന് വേണ്ടി സ്നേഹിക്കുന്നവരാണ്. (ബുഖാരി, മുസ് ലിം)

        നേരത്തേ സൂചിപ്പിച്ചത് പോലെ ചിലരോട് പ്രത്യേക മമതയും ആഭിമുഖ്യവും ആർക്കും ഉണ്ടാകാമല്ലോ. പക്ഷെ, അതിൻ്റെ അന്തർധാര ദൈവിക സ്നേഹമായാൽ മതി. അപ്പോൾ വിശ്വാസികൾക്കിടയിൽ ചിലർ പരസ്പരമുണ്ടാകുന്ന വിശ്വാസത്തിലധിഷ്ഠിതമായ പ്രത്യേക സ്നേഹ ബന്ധമാണ് ഇതിൻ്റെ ആകെത്തുക. അന്ത്യനാളിൽ ചൂട് കഠിനമായ വിചാരണ വേളയിൽ അല്ലാഹു അർശിൻ്റെ തണലിൽ പ്രത്യേകമായ തണൽ നൽകി ആദരിക്കുന്ന ഏഴ് വിഭാഗത്തെ തിരുനബി(സ) പരിചയപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒരു വിഭാഗം അല്ലാഹുവിൻ്റെ പ്രീതിയിലായി അടുക്കുകയും അകലുകയും ചെയ്ത സുഹൃത്തുക്കളാണെന്ന് അബൂഹുറൈറയിൽ നിന്ന് ബുഖാരി, മുസ് ലിം റിപ്പോർട്ട് ചെയ്ത ഹദീസ് വ്യക്തമാക്കുന്നു. 

    ഒരാളോട് സ്നേഹം തോന്നുകയാണെങ്കിൽ അത് മനസിൽ കെട്ടിപ്പൂട്ടി വയ്ക്കുകയല്ല, തുറന്നു പറയണമെന്നത് പ്രവാചകനിർദേശമാണ്. അബൂദാവൂദ്, തിർമദി റിപ്പോർട്ട് ചെയ്ത ഒരു വചനം ഇങ്ങനെ വായിക്കാം.'ഒരാൾ തൻ്റെ ഒരു സഹോദരനെ ഇഷ്ടപ്പെട്ടാൽ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയട്ടെ.' 

        അനസ്(റ) നിവേദനം ചെയ്യുന്നു:  ഒരിക്കൽ ഒരാൾ തിരുനബിയുടെ ചാരത്ത് നിൽക്കുകയായിരുന്നു. അന്നേരം മറ്റൊരാൾ അതിലൂടെ കടന്നു പോയി. കൂടെയുള്ളയാൾ റസൂലിനോട് പറഞ്ഞു: തിരുദൂതരേ, എനിക്കയാളോട് സ്നേഹമാണ്. ഇത് കേട്ട തിരുനബി ചോദിച്ചു: ഇക്കാര്യം നീ അയാളെ അറിയിച്ചോ? 

'ഇല്ല' അയാൾ പ്രതികരിച്ചു. 

എങ്കിൽ നീ പോയി അയാളെ അറിയി'ക്ക് '

ഉടനെ അയാളെ പിന്തുടർന്നു ഇയാൾ വ്യക്തമാക്കി. ' നിങ്ങളെ അല്ലാഹുവിൻ്റെ വഴിയിൽ എനിക്കിഷ്ടമാണ്.'

അയാളുടെ മറുപടി: 'ആർക്ക് വേണ്ടിയാണോ നിങ്ങളെന്നെ ഇഷ്ടപ്പെടുന്നത്, അവൻ നിങ്ങളെ ഇഷ്ടപ്പെടട്ടെ.'

നോക്കൂ, എന്തൊരു കരുതലാണ് തിരുനബിക്ക്! അനുയായികൾക്കിടയിലെ ഏറ്റവും ലോലമായ വികാരവായ്പ് പോലും കണ്ടറിഞ്ഞു അതിന് തളിർക്കാൻ വേണ്ട വഴി കാണിച്ചു കൊടുക്കുന്ന നേതാവ്! 'സ്വല്ലല്ലാഹു അലൈഹി വ സല്ലം'.

        ഒരിക്കൽ പ്രമുഖ സഹാബിയായ മുആദ് ബ്നി ജബ(റ)ലിൻ്റെ അടുത്ത് വന്ന് കൈ പിടിച്ചു കൊണ്ട് തിരുദൂതർ മൊഴിഞ്ഞു: 'മുആ ദേ സത്യമായും എനിക്ക് നിങ്ങളോട് ഇഷ്ടമാണ്.' 

        ഒരാളെയോ അയാളുടെ ഏതെങ്കിലും പ്രവൃത്തിയോ ഇഷ്ടപ്പെട്ടാൽ തുറന്നു പറയുക. അത് അയാളുടെ സൃഷടിക്കുന്ന സന്തോഷത്തിൻ്റെയും ആത്മവിശ്വാസത്തിൻെറയും അലയൊലികൾ എത്രമാത്രമാണെന്ന് പറയാനില്ലല്ലോ. വിശ്വാസിയുടെ ഹൃത്തിൽ സന്തോഷം നിറയ്ക്കുകയെന്നത് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന വലിയ ധർമമായിട്ട് കൂടി തിരുനബി (സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. 

    ഈ പറഞ്ഞതെല്ലാം പക്ഷെ, മുൻ ചൊന്ന നിഷ്കളങ്കവും ദൈവീകതയിൽ അന്തർലീനവുമായ സ്നേഹമാണ്. അല്ലാതെ ഇന്നത്തെ മരംചുറ്റി പ്രേമമല്ല. അതിരുകൾ ഭേദിച്ചു, കയർപൊട്ടിച്ചോടുന്ന മാംസ നിബദ്ധ സ്നേഹത്തിന് പിൻബലമായി ഈ വചനങ്ങളെ ആരും കരുതിവയ്ക്കേണ്ടതില്ല. ചിലരോട് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് തട്ടിവിട്ടാൽ ഇങ്ങോട്ടുള്ള പ്രതികരണം കഷ്ടമായിരിക്കും. 

    സ്നേഹം ആർക്കും ആരോടും തോന്നാമെന്നത് ശരി. അത് പ്രകൃതിപരമായ മനസിൻ്റെ ഒരാഭിമുഖ്യമാണ്. അത് പ്രകടിപ്പിക്കുന്നതിലാണ് നിയന്ത്രണവും വിവേചനവും വേണ്ടത്. അവിഹിതവും അപകടകരവുമായ രീതിയിലുള്ള സ്നേഹം തോന്നിയാൽ അത് തളിർക്കാനും വളരാനും ഉള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ബുദ്ധി. അനുകൂല സാഹചചര്യം സൃഷ്ടിച്ചു വെള്ളവും വളവും ഇട്ടു കൊടുത്ത ശേഷം പറ്റിപ്പോയെന്ന് വിലപിച്ചിട്ട് കാര്യമില്ലല്ലോ. 

        എന്നാൽ സ്നേഹത്തിൻ്റെ നിഷ്കളങ്ക ഭാവം മനസ്സിൽ സൂക്ഷിച്ചു നീറി നീറിക്കഴിഞ്ഞു അത് കവിതയായി, കാൽപ്പനിക വർണനയായി പുറത്തു വന്നതിന് ഉമവി ഭരണകാലത്തെ ചില കവിതകൾ സാക്ഷിയാണ്. അറബി കവിതാ ലോകത്ത് അത്തരം കവിതകൾ പ്രത്യേക ശാഖയായി തന്നെ രൂപപ്പെട്ടിട്ടുണ്ട്. ബനീ ഉദ്റ ഗോത്രക്കാരാണ് ഇതിൽ മുൻപന്തിയിലുണ്ടായിരുന്നത്. അതിനാൽ 'ഉദ് രി കവിതകൾ'എന്നാണ് ഇവ അറിയപ്പെടുന്നത്. ഇമാം ബൂസീരിയുടെ ബുർദ കാവ്യത്തിലെ "ഉദ് രി പ്രേമത്തിൻ്റെ പേരിൽ എന്നെ ആക്ഷേപിക്കുന്നവരേ......." എന്ന വരിയുടെ സൂചന അതാണ്. 

    മറ്റെല്ലാ കാര്യങ്ങളിലെന്നപോലെ സ്നേഹം പ്രകടിപ്പിക്കുന്നതിലും മിതത്വവും നിയന്ത്രണവും പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന ഒരു വചനം കാണാം. നബി വചനമായി അതിനെ ചിലർ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും നാലാം ഖലീഫ അലി(റ)യുടെ വചനമെന്നാണ് പ്രാമാണികരുടെ പക്ഷം. ഏതായാലും വചനം വളരെ അർത്ഥവത്താണ്. അതിങ്ങനെ.

"നിൻ്റെ സ്നേഹിതനോട് സ്നേഹം കാട്ടുന്നതിൽ നീ മിതത്വം പുലർത്തുക. ഒരു നാൾ അവൻ നിൻ്റെ ശത്രുവായേക്കാം. ശത്രു വിനോട് ശാത്രവം കാട്ടുന്നതിലും നിയന്ത്രണം പാലിക്കുക. ഒരു നാൾ അവൻ നിൻ്റെ മിത്രമായേക്കാം." ( തിർമുദി)

കൂടുതൽ അടുത്തവർ തെറ്റിപ്പിരിഞ്ഞാൽ  ഉണ്ടാകാറുള്ള പുകിലുകൾ പലപ്പോഴും വലിയ ആഘാതമാണല്ലോ സൃഷ്ടിക്കുക. അകന്നവർ അടുത്താൽ നേരെ മറിച്ചും. ഏതായാലും സ്നേഹം നൽകിയാൽ സ്നേഹം വളരും. ഇഷ്ടമാണെന്നറിയിച്ചാൽ സ്നേഹം പൂത്തു തളിർക്കും. 

- സ്വിദ്ദീഖ്  നദ് വി ചേരൂർ- GFACEBOOK POST COPY

Comments

Popular posts from this blog

പുഴയോരം, ഓർമകളുടെ കുത്തിയൊഴുക്